ന്യൂഡല്‍ഹി | 2047ല്‍ രാജ്യത്ത് ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ കണ്ടെത്തൽ. ഇതിനായി സർവീസ് ടീമും കില്ലർ ടീമും പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കൊലപാതകമുൾപ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലർ ടീമിനെ രൂപീകരിച്ചതെന്നും കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതിൽ ആറുപേർ ഒളിവിലാണ്. സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുക, ആളുകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുക എന്നിവയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക സമുദായത്തിലെ നേതാക്കളെ കൊലപ്പെടുത്താന്‍ സേവനസംഘത്തിന്റെ ജില്ലാ നേതാവ് മുസ്തഫാ പൈചാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു നഗരത്തിലും സുള്ള്യ ടൗണിലും ബെല്ലാരെ ഗ്രാമത്തിലും ഗൂഢാലോചന നടത്തി. യുവമോര്‍ച്ച ജില്ലാ നേതാവ് പ്രവീണ്‍ നെട്ടാരുവിന് പുറമേ മറ്റ് മൂന്ന് പേരെക്കൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ നോക്കി നില്‍ക്കെ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത് ജനങ്ങളില്‍ വലിയ തോതില്‍ ഭീതിയുണ്ടാക്കാനായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക സമുദായത്തിലെ ആളുകളെ ഉദ്ദേശിച്ചായിരുന്നു ആക്രമമെന്നും കുറ്റപത്രത്തിലുണ്ട്.