- വിഷയത്തിൽ സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ഓൺലൈനായി ഹാജരാക്കാൻ ഡിജിപിക്കു നിർദ്ദേശം.
- സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോലിക്കിടെ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആക്രമണം ഞെട്ടിക്കുന്നതും വേദനാജനകവും ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
- ആരോഗ്യമന്ത്രിയുടെ “എക്സ്പീരിയൻസ് കുറവ് ” പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം.
കൊല്ലം | പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ വനിതാ ഡോക്ടറെ കുത്തിക്കൊന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കൊല്ലം പൂയപ്പള്ളി ചെറുകരക്കോണ്ടം സ്വദേശി, അധ്യാപകനായ സാംദീപാണ് ഡോക്ടറായ വന്ദനാ ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി സാംദീപ് വീടിന് സമീപമുള്ള ബന്ധുക്കളുമായി വഴക്കുണ്ടായി. ഇതിനിടെ കാലില്‍ മുറിവേറ്റു. സാംദീപ് വിളിച്ച് നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ച് എത്തിയ പോലീസ് പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാലിലെ മുറിവ് തുന്നിക്കെട്ടന്നതിനിടെ ഇയാൾ അക്രമാസക്തനായി.
ശസ്ത്രക്രിയ ഉപകരണം ഉപയോഗിച്ച് ആദ്യം ബന്ധുവിനെ, പിന്നെ പോലീസിനെയും ഹോംഗാർഡിനെയും പരുക്കേൽപ്പിച്ചു. പിന്നാലെ കണ്മുന്നില്‍ കണ്ട വന്ദനയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും പിറകിലും ഉള്‍പ്പെടെ അഞ്ചു തവണയിലേറെ മാരകമായി കുത്തേറ്റു. അതിഗുരുതരമായി പരിക്കേറ്റ വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം രാവിലെയോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈന്നേരത്തോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോയി. അതിനു മുമ്പായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിക്കു മുന്നിൽ പൊതു ദർശനത്തിനു വച്ചു. വന്ദന പഠിച്ചിരുന്ന കൊല്ലത്തെ കോളജിലും പൊതുദർശനത്തിനു വച്ചശേഷമാകും കോട്ടയത്തെ വീട്ടിലെത്തിക്കുക.
ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വ്യാപക പ്രക്ഷോഭമാണ് ഉടലെടുത്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു. വിവിധ സംഘടനകളും തെരുവിലിറങ്ങി.