ന്യൂഡല്‍ഹി: സോളാര്‍ ലൈംഗിക പീഡന കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംസ്ഥാന ആഭ്യന്തര മന്ത്രാലയം കേന്ദ്രസര്‍ക്കാറിന് അയച്ച റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതിയില്‍ തെളിവില്ലെന്ന് വ്യക്തമായത്. ഇതോടെ കേസ് സിബിഐക്ക് വിട്ട പിണറായി വിജയന് സര്‍ക്കാര്‍ പ്രതിരോധത്തിലായി. 2012 സെപ്റ്റംബര്‍ 19ന് ക്ലിഫ്ഹൗസില്‍ വച്ചാണ് സംഭവം നടന്നതെനനാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍, ഇതേദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്സണല്‍ സ്റ്റാഫിനെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും പരാതിക്കാരി സംഭവം നടന്ന ദിവസം ക്ലിഫ്ഹൗസില്‍ വന്നില്ലെന്നാണ് വ്യക്തമായത്.
ഏഴ് വര്‍ഷം മുമ്ബുള്ള ഫോണ്‍രേഖകള്‍ ലഭ്യമല്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്ട്രീയ വൈരം തീര്‍ക്കാനുള്ള കേസാണിത്. അതുകൊണ്ട് തന്നെ കേസില്‍ രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിലേക്കാണ് ക്രൈംബ്രാഞ്ച് പോകുന്നത്. ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്ക്ക് വിടുന്നത്.
നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിക്കെതിരായി തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വിവരമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടോടെ കേസ് സിബിഐക്ക് വിട്ട പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് ക്ലീന്‍ചിറ്റ് നല്കിയ റിപ്പോര്‍ട്ട്.
കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി സിബിഐയുടെ പ്രാഥമിക പരിശോധന അടുത്ത ദിവസങ്ങളില്‍ തുടങ്ങിയിരുന്നു. ഇതിനു മുന്നോടിയായി പരാതിക്കാരി ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി സിബിഐ ഡയറക്ടറെ കണ്ടു. തനിക്ക് പറയാനുള്ളത് ഡയറക്ടറോട് വ്യക്തമാക്കിയതായതായാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.