രാജ്യത്ത് ക്രിപ്‌റ്റോകറന്‍സി നിരോധനത്തിന് നിര്‍ദ്ദേശം

ബിറ്റ്‌കോയിന്‍ അടക്കമുള്ള ആഗോള തരത്തില്‍ പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികളും രാജ്യത്ത് ഉടനെ നിരോധിച്ച്‌ ഉത്തരവിറക്കും. ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണിതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കേന്ദ്രം പുറത്തിറക്കുന്ന വിര്‍ച്വല്‍ കറന്‍സികള്‍ക്കുമാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നല്‍കുക.

ക്രിപ്‌റ്റോകറന്‍സി വ്യാപാരം സംബന്ധിച്ച്‌ കര്‍ശനനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2018-19 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയുംചെയ്തു. ക്രിപ്‌റ്റോകറന്‍സികളെ അംഗീകൃത വിനിമയ ഉപാധിയായി രാജ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു അന്നുപറഞ്ഞത്.

അതെ സമയം സുപ്രീം കോടതി ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ഉടനെതന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പ് അവതരിപ്പിക്കാന്‍ രാജ്യത്ത് പദ്ധതിയുണ്ടെന്ന് ഈ മാസം തുടക്കത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിപ്‌റ്റോകറന്‍സിക്ക് ബദലായി ഡിജിറ്റല്‍ കറന്‍സി വൈകാതെ വന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here