അമ്മയെ തള്ളി, മക്കളെ സംരക്ഷിച്ച് സി.പി.എം, മോഹന്‍ലാലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

0

തിരുവനന്തപുരം: നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റായിപ്പോയെന്ന് വ്യക്തമാക്കിയും ഇടത് ജനപ്രതിനിധികളെ സംരക്ഷിച്ചും സി.പി.എം. സ്ത്രീ സുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ട സംഘടനക്കെതിരെ ആക്ഷേപം ഉയരാന്‍ ഈ നടപടി കാരണമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. അമ്മയുടെ നേതൃത്വത്തിലുള്ളവരുടെ രാഷ്ട്രീയനിറം നോക്കിയല്ല സംഘടനയോട് പ്രതികരിക്കേണ്ടതെന്നും സി.പി.എം വ്യക്തമാക്കി.

ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ് എന്നിവരോട് പാര്‍ട്ടി വിശദീകരണം ചോദിക്കുകയോ നിലപാട് തിരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് ഇതോടെ വ്യക്തമായി. അതേസമയം, മോഹന്‍ലാലിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അടക്കമുള്ളവര്‍ ജനപ്രതനിധികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇരയ്ക്ക് ഒപ്പം എന്ന പ്രഖ്യാപിത നിലപാടില്‍ സി.പി.എം ഉറച്ചു നില്‍ക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. എം.എല്‍.എമാര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി.പി.എം വിലയിരുത്തല്‍.

അതേസമയം, അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. വീടിനു മുന്നില്‍ റീത്തു സ്ഥാപിച്ചാണ് ഇവര്‍ മടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here