കത്തുകൾ കത്തുന്നു, വ്യാജമെന്ന് വരുത്തി തീർത്ത് പ്രതിരോധത്തിന് ശ്രമം, മേയർ പോലീസിനെ സമീപിക്കും

തിരുവനന്തപുരം | അർബൻ പ്രൈമറി ഹെൽത്ത് സെന്ററിലെ താൽക്കാലിക നിയമനങ്ങൾക്ക് പാർട്ടിയുടെ പട്ടിക ചോദിച്ച കോർപ്പറേഷൻ നടപടിയിലെ കൂടുതൽ പൊരുത്തക്കേടുകൾ പുറത്തുവരുന്നു. ഇന്റർവ്യൂ തീയതി മാറ്റിവയ്ക്കാനും മേയർ ആര്യാ രാജേന്ദ്രൻ ഇടപെട്ടുവെന്ന ആരോപണം ഉയർന്നു.

കത്ത് വിവാദത്തിൽ വലഞ്ഞ തിരുവനന്തപുരം നഗരസഭയും സിപിഎം ജില്ലാ നേതൃത്വവും പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടുകയാണ്. താൽക്കാലിക നിയമനങ്ങളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റാൻ മേയർ ആര്യ രാജേന്ദ്രനും എസ്.എ.ടി ആശുപത്രിയിലെ നിയമനത്തിന് നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിലും സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്തുകളാണ് പുറത്തുവന്നത്. പിന്നാലെ നഗരസഭ പ്രതിഷേധക്കളമായി മാറി.

മേയർ പാർട്ടിയോട് മുൻഗണനാ പട്ടിക തേടിയ 295 തസ്തികളിലേക്കുളള ദിവസവേതനക്കാരുടെ നിയമനം തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷ് എംപ്ലോയ്‌മെന്റ്‌ എക്സേഞ്ചിന് വിട്ടു രംഗത്തെത്തി. ഇതിനു പിന്നാലെയാണ് മൗനം വെടിഞ്ഞ് പ്രതിരോധം തീർക്കാൻ മേയറും പാർട്ടിയും തയാറെടുക്കുന്നത്. കത്ത് നൽകിയിട്ടില്ലെന്ന് പ്രതികരിച്ച മേയർ നിലപാട് തെളിയിക്കാനുള്ള നടപടികളിലേക്ക് കടന്നേക്കും. അങ്ങനെയെങ്കിൽ പോലീസിൽ പരാതി നൽകുന്നതടക്കുള്ള നടപടികൾ ഉണ്ടായേക്കും.

ഡിവൈഎഫ്ഐയുടെ എവിടെ എന്റെ ജോലി ? സമരത്തിൽ പങ്കെടുത്തശേഷം കോഴിക്കോട് എത്തിയ മേയർക്ക് അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് മടങ്ങിയെത്തുന്ന ആര്യാ രാജേന്ദ്രൻ പാർട്ടി ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും തുടർ നടപടി. സി.പി.എം തിരുവനന്തപുരം ഘടകത്തിലെ വിഭാഗിയതയുടെ കൂടി സൃഷ്ടിയാണ് ഇപ്പോഴത്തെ വിവാദമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. കോർപ്പറേഷനിലെ ഭരണത്തിലും പാർട്ടിക്ക് അതൃപ്തിയുണ്ട്.

CPM move over Thiruvananthapuram Mayor’s letter to district secretary for temporary appointments in corporation crisis

LEAVE A REPLY

Please enter your comment!
Please enter your name here