യാത്ര ചെയ്യണമെങ്കില്‍ രണ്ട് ഡോസ് വാക്സീന്‍ നിര്‍ബന്ധം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്

വാഷിംഗ്‌ടണ്‍: കോവിഡിന്‍റെ രണ്ടാംതരംഗത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ നിര്‍ദേശം. ഇനി യാത്ര അത്യാവശ്യമാണെങ്കില്‍ രണ്ട് ഡോസ് വാക്സീനും നിര്‍ബന്ധമായും എടുത്തിരിക്കണമെന്നാണ് അമേരിക്ക നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയെ അമേരിക്ക ലെവല്‍ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവല്‍ നാല് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ‘ഇന്ത്യയിലെ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അവിടെപ്പോയി യാത്ര ചെയ്ത് തിരികെ വരുന്നവര്‍ക്ക് ജനിതകവ്യതിയാനം വന്ന പല തരം വൈറസ് ബാധയേല്‍ക്കാനും, ഇവിടെയും വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അതിനാല്‍ യാത്ര ഒഴിവാക്കണം’, എന്നാണ് അമേരിക്കയിലെ ഉന്നത മെഡിക്കല്‍ സ്ഥാപനമായ സിഡിസി (സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍) നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അതേസമയം രാജ്യത്ത് ഇന്നലെ മാത്രം രേഖപ്പെടുത്തിയ കൊവിഡ് ബാധിതരുടെ എണ്ണം 2.7 ലക്ഷത്തോളമാണ്.ഡല്‍ഹി അടക്കം വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്കും കര്‍ഫ്യൂകളിലേക്കും സെമി ലോക്ക്ഡൗണിലേക്കും നീങ്ങുകയാണ്. വാക്സീനുള്ള അസംസ്കൃതവസ്തുക്കള്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്ന അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വേണ്ട അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാകുന്നില്ലെന്ന് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം പറഞ്ഞിരുന്നതാണ്. വാക്സീന്‍ അസംസ്കൃത വസ്തുക്കള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് അമേരിക്ക വെട്ടിക്കുറച്ചെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വ്യക്തമാക്കുന്നത്. ഇന്നലെ വൈറ്റ് ഹൗസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച്‌ ചോദ്യം ഉയര്‍ന്നെങ്കിലും വൈറ്റ് ഹൗസ് വക്താവ് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here