ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് മുന്നോടിയായി നരേന്ദ്ര മോദി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായാണ് യോഗമെന്നാണ് റിപ്പോർട്ട്. വൈകീട്ട് നാല് മണിക്കാണ് ചർച്ച ആരംഭിക്കുക.
ജനുവരി 16 മുതൽ കൊവിഡ് വാക്സിനേഷൻ ആരംഭിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തുകയാവും പ്രധാന ലക്ഷ്യം. ചർച്ചയിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളും വിലയിരുത്തും. വാക്സിൻ വിതരണത്തിന് ആയി കേന്ദ്ര സർക്കാർ തയ്യാറാക്കിയ രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഡ് വാക്സിൻ അനുമതി ലഭിച്ചതിന് ശേഷം പ്രധാനമന്ത്രി ഇതാദ്യമായാണ് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. നേരത്തെ കൊവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോഴെല്ലാം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.
രാജ്യത്തെ 3 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശനിയാഴ്ച ആരംഭിക്കുന്ന വാക്സിൻ വിതരണത്തിൽ രാജ്യത്തെ 2 കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു കോടിയോളം മുൻനിര പ്രവര്‍ത്തകര്‍ക്കുമായിരിക്കും മുൻഗണന.
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന അഡിനോവൈറസ് അധിഷ്ഠിത വാക്സിനായ കൊവിഷീൽഡ്, ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിൻ എന്നിവയ്ക്കാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
അതേസമയം കേരളത്തിൽ മൂന്നര ലക്ഷത്തോളം പേര് വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും. ഒരു മണിയോടെ കൊവിഡ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുമായും കൊവിഡ് ആശുപത്രി അധികൃതരുമായും അവലോകന യോഗവും ചേരും.