തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സൗജന്യമായി തന്നെ നല്കുകയാണെങ്കില് അത് നല്ലതാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് വാക്സിന്റെ കൂടുതല്‍ ഷെയറിന് അര്‍ഹതയുണ്ടെന്നും കേന്ദ്രം അക്കാര്യം പരിഗണിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. വാക്സിന് ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കുമെന്നും വാക്സിന് നല്‍കേണ്ടവരെ സംബന്ധിച്ച മുന്‍ഗണനാ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐസിഎംആര്‍ ഗൈഡ് ലൈന്‍ അനുസരിച്ചായിരിക്കും വാക്സിന് വിതരണം ചെയ്യുകയെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.
രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കൊറോണ സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സാര്‍സ് കോവിഡ് 2 ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുവാനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ഈ പഠനം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.