ഡല്‍ഹി: രാജ്യം മുഴുവന്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. മുന്‍ഗണന പട്ടികയിലുള്ള മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യ വാക്സിന് നല്‍കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തില്മുന്നില് നില്ക്കുന്ന രണ്ടുകോടി പേര്‍ക്കും ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യം സൗജന്യ വാക്സിന് നല്‍കും.
ബാക്കിയുള്ള 27കോടി മുന്‍ഗണന വിഭാഗത്തില്‍ പെട്ടവര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യമൊട്ടാകെ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൗജന്യ വാക്സിന് നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ സൗജന്യ വാക്സിന് വിതരണം ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും വാക്സിന് സൗജന്യമായി നല്‍കും’ എന്നായിരുന്നു ഹര്‍ഷവര്‍ധന്റെ വാക്കുകള്‍. വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് വാകിസിനേഷന് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പോളിയോ വാക്സിന് സമയത്തും പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ജനങ്ങള്‍ വാക്സിന് സ്വീകരിക്കുകയും ഇന്ത്യ പോളിയോ മുക്തമാകുകയും ചെയ്തുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഡ്രൈ വാക്സിനേഷന് റണ്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.