വാക്സിൻ ചലഞ്ച്: ‘ഒരു കേരളീയനായതിൽ അഭിമാനം’; കൂടുതൽ ആളുകൾ കടന്നുവരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് 19 വാക്സിൻ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ വാക്സിൻ്റെ വിലയായി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയൻ എന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷമാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കേരളീയരിൽ നിന്നും വാക്സിൻ വാങ്ങാനുള്ള സംഭാവന എത്തുകയാണെന്നും സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിൻ്റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ വാക്സിൻ വാങ്ങാനായി നല്‍കുന്ന പണം സ്വരൂപിക്കാനായി സിഎംഡിആര്‍എഫിൽ പ്രത്യേക അക്കൗണ്ട് തുറക്കുമെന്നും ഇത്തരത്തിൽ സംഭാവന നല്‍കാൻ കൂടുതൽ പേര്‍ സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ വാക്സിൻ സ്വീകരിച്ചവരാണ് സംഭാവന നല്‍കുന്നത്. എന്നാൽ കൂടുതൽ ആളുകൾ ഈ മുന്നേറ്റത്തിൽ പങ്കാളികളാകണമെന്നും വ്യക്തികളും സംഘടനകളും ഇതിനായി കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടിയ തുകയ്ക്ക് സംസ്ഥാനങ്ങള്‍ വാക്സിൻ വാങ്ങണമെന്ന് നിര്‍ദേശിക്കുന്ന പുതിയ കേന്ദ്ര വാക്സിൻ നയത്തിനു പിന്നാലെയാണ് സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. കേന്ദ്രം വാക്സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രത്തിൻ്റെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ വാക്സിൻ വാങ്ങാൻ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കാൻ ആവശ്യപ്പെട്ട് വ്യാപകമായി ക്യാംപയിൻ തുടങ്ങിയത്. ഒറ്റ ദിവസം കൊണ്ട് സിഎംഡിആര്‍എഫിൽ ഒരു കോടിയിലധികം രൂപ എത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ ലഭിച്ച തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്സിനേഷൻ ശക്തമാക്കി നടപ്പാക്കി മഹാമാരിയിൽ നിന്നു മുക്തരാകുക എന്നതാണ് ലക്ഷ്യമെന്നും സാമ്പത്തികമായ വേര്‍തിരിവുകള്‍ മറികടന്ന് എല്ലാവര്‍ക്കും വാക്സിൻ ലഭ്യമാക്കാൻ ഒരുമിച്ച് നിൽക്കമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ വാക്സിൻ്റെ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 150 രൂപയ്ക്ക് കേന്ദ്രത്തിനു ലഭിക്കുന്ന കൊവിഷീൽഡ് വാക്സിന് സംസ്ഥാനങ്ങളിൽ നിന്ന് ഈടാക്കുന്നത് 400 രൂപയാണ്. സംസ്ഥാനങ്ങള്‍ക്ക് വാക്സിനു വേണ്ടി പ്രത്യേക ക്വോട്ട നിശ്ചയിക്കാത്തതിനാൽ വാക്സിൻ വാങ്ങാൻ വിപണിയിൽ മത്സരമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് ഒട്ടും ആശ്വാസ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കേന്ദ്ര വാക്സിൻ നയം കൂടുതൽ വിഷമത്തിലേയ്ക്ക് തള്ളിവിടുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കയ്യില്‍ പണമുള്ളവര്‍ മാത്രം വാക്സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാകില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര കാലം തുടര്‍ന്നു വന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ എന്ന നയം നടപ്പിലാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക തന്നെ ചെയ്യും.” മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 1.63 കോടി ആളുകള്‍ക്ക് വാക്സിൻ നല്‍കാൻ ഒരു ഡോസിന് 400 രൂപ വീതം നല്‍കിയാൽ 1300 കോടി രൂപയോളം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മഹാമാരിയെ ചെറുക്കാൻ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്സിനേഷനാണെന്നും ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചാൽ മാത്രമേ സമൂഹത്തിൽ പ്രതിരോധം ആര്‍ജിക്കാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവൻ രക്ഷിക്കാനും ഒപ്പം സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പരമാവധി ആളുകളിലേയ്ക്ക് വാക്സിൻ എത്തിക്കണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here