തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സെക്രട്ടേറിയറ്റിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം വന്നാല്‍ മതിയെന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകം. മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വന്നതോടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് പുതിയ നടപടി.

സെക്രട്ടേറിയറ്റിലെ 55 ലേറെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കാന്റീന്‍ തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച 6075 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3867 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 812, മലപ്പുറം 645, കോഴിക്കോട് 653, കോട്ടയം 594, പത്തനംതിട്ട 521, എറണാകുളം 524, തിരുവനന്തപുരം 358, തൃശൂര്‍ 408, ആലപ്പുഴ 350, കണ്ണൂര്‍ 187, വയനാട് 198, ഇടുക്കി 198, പാലക്കാട് 83, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 6, തൃശൂര്‍, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, എറണാകുളം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 525, കൊല്ലം 552, പത്തനംതിട്ട 224, ആലപ്പുഴ 257, കോട്ടയം 709, ഇടുക്കി 354, എറണാകുളം 726, തൃശൂര്‍ 398, പാലക്കാട് 252, മലപ്പുറം 670, കോഴിക്കോട് 623, വയനാട് 263, കണ്ണൂര്‍ 328, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,659 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,774 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,885 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1270 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here