കണ്ണൂര്‍: തളിപ്പറമ്ബില് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വന്‍ ആള്‍ക്കൂട്ടം. കൊവിഡ് മാനദണ്ഡം പാലിക്കാതെ ജനങ്ങള്‍ തിക്കിത്തിരക്കിയത് വലിയ വിവാദത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാതെയുളള ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനും ആകുന്നില്ല. മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജന്, കടന്നപ്പളളി രാമചന്ദ്രന് എന്നിവരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം, സംഭവത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് തളിപ്പറമ്ബ് ഇന്‍സ്പെക്ടര്‍ സത്യനാഥിന്റെ പ്രതികരണം. മാദ്ധ്യമങ്ങളോട് ഒന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ കൊവിഡ് ചട്ടങ്ങള്‍ മറികടന്ന് രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന നീക്കങ്ങളില്‍ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഭരണ-പ്രതിപക്ഷ പരിപാടികളിലും സര്‍ക്കാര്‍ പരിപാടികളിലും കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തുകയാണ്.
ആലപ്പുഴ എടത്വായില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടം എത്തിയതും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയില്‍ ആളുകള്‍ തിക്കിത്തിരക്കിയതും വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം ആരോപണം ഉന്നയിക്കുകയെന്നല്ലാതെ കൊവിഡ് മാനദണ്ഡവുമായി പാലിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു നടപടിയും സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.