ഡല്‍ഹി: ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ വിവരിക്കുകയായിരുന്നു മന്ത്രി.

നാമമാത്ര വ്യവസായങ്ങള്‍ക്ക് അനുവദിക്കുന്ന വായ്പകള്‍ക്കു ഒരു വര്‍ഷത്തെ തിരിച്ചടവിന് മോറട്ടോറിയം നല്‍കും. വായ്പാ കാലാവധി നാലു വര്‍ഷമാക്കും. ഈട് ആവശ്യമില്ല. 100 കോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. 45 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഒക്‌ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.

സൂഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്‌കരിച്ചു. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി. തകര്‍ച്ചയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തില്‍ കൂടുതല്‍ മൂലധനം നല്‍കും. വായ്പാ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും അപേക്ഷിക്കാം. ഒരു കോടിവരെ നിക്ഷേപവും അഞ്ചു കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ ഇടത്തരം വിഭാഗത്തിലും പെടും.

സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപവരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കും. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു 10,000 കോടിയുടെ സഹായം. നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി. ജൂലൈ 31നും ഒക്‌ടോബര്‍ 31നും സമര്‍പ്പിക്കേണ്ട നികുതി റിട്ടേണ്‍ നവംബര്‍ 30നകം സമര്‍പ്പിച്ചാല്‍ മതി. ടി.ഡി.എസ്, ടി.സി.എസ് നിരക്കുകള്‍ 25 ശതമാനം കുറച്ചു. 2021 മാര്‍ച്ച് 31വരെ പ്രാബല്യം. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. വൈദ്യുതി കമ്പനികള്‍ക്ക് 90,000 കോടി. കുടിശ്ശിക തീര്‍ക്കാന്‍ ഉള്‍പ്പെടെയാണ് ഈ തുക.

ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് 30,000 കോടി രൂപയുടെ സ്‌പെഷല്‍ ലിക്യൂഡിറ്റി സ്‌കീം. ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here