ഡല്‍ഹി:മഹാമാരിക്കെതിരെ വാക്‌സിന്‍ ഉത്‌പാദിപ്പിക്കാനും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആവശ്യമായ ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ആഗോള സമ്ബദ് വ്യവസ്ഥയെ കെെപിടിച്ച്‌ ഉയര്‍ത്തുന്നതില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പങ്കാളിത്ത ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയും അതിലെ നിക്ഷേപവും വളരെ നിര്‍ണായകമാണ്. ആശുപ‌ത്രി നിര്‍മാണം, മറ്റു കെട്ടിട നിര്‍മാണം, ടെലിമെഡിസിന്‍ കെെകാര്യം ചെയ്യുക എന്നിവയുടെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്.ആവശ്യമുള്ളത്ര വാക്‌സിന്‍ നിര്‍മിക്കാനും മനുഷ്യ രാശിയുടെ നന്മയ്ക്കായി ലോകം മുഴുവന്‍ ഇത് വിതരണം ചെയ്യാനും ഇന്ത്യയ്ക്ക് ഭാഗ്യമുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 

ഇന്ത്യുടെ വലിപ്പം,ജനസംഖ്യ,മറ്റു സാദ്ധ്യതകള്‍ എന്നിവ കണക്കിലെടുത്ത് ആഗോള സമ്ബദ് വ്യവസ്ഥയെ മറ്റുരാജ്യങ്ങള്‍ക്കൊപ്പം പിടിച്ചുയര്‍ത്തുന്നതില്‍ ഇന്ത്യ പ്രധാന പങ്കുവഹിക്കുമെന്ന് കരുതുന്നതായും ധനകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഗോള സാമ്ബത്തിക പുരോഗതിക്ക് ഇന്ത്യ മികച്ച സംഭാവന നല്‍കുമെന്നും അവര്‍ പറഞ്ഞു. ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അടുത്ത ബഡ്‌ജറ്റില്‍ അവ പരിഗണിക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here