ഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മെഡിക്കല്‍ ഓക്സിജനും കോവിഡ് വാക്സിനുമുള്ള കസ്റ്റംസ് തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കി. സൗജന്യം മൂന്നു മാസത്തേക്കാണ് നൽകിയിരിക്കുന്നത്. മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് കസ്റ്റംസ് തീരുവയ്ക്കു പുറമെ ആരോഗ്യ സെസും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്.

ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്സിനുകള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തേക്കാണ് ഇവയ്ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീ പരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഓക്സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസ്സമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

കേന്ദ്ര സർക്കാർ വാങ്ങുന്ന വാക്സീൻ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായിരിക്കുമെന്നതാണ് പുതിയ അറിയിപ്പ്. അതേസമയം, സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും വാക്സീൻ നിർമാതാക്കളിൽനിന്ന് നേരിട്ടു വാങ്ങുന്നവയുടെ ഉയർന്ന വിലയെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നില്ല.

മേയ് 1 മുതൽ 18 വയസ് തികഞ്ഞവർക്ക് വാക്സീന്‍ നൽകാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ മൂന്നു തരത്തിലെ വില പുറത്തുവന്നത് പ്രതിഷേധത്തിനിടയാക്കി. ഇതുവരെ കേന്ദ്രം സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ടു വാങ്ങുന്ന കോവിഷീൽഡ് വാക്സീനും ഭാരത് ബയോടെക്കിൽനിന്നു വാങ്ങുന്ന കോവാക്സീനും സംസ്ഥാനങ്ങൾക്കു സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു.

പുതിയ നയം അനുസരിച്ച് ഉത്പാദിപ്പിക്കുന്നവയിൽ 50% വാക്സീന്‍ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽനിന്നു നേരിട്ടു വാങ്ങിക്കാം. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങനെ വിൽക്കുന്ന വാക്സീൻ ഡോസ് ഒന്നിന് സംസ്ഥാനങ്ങൾക്ക് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ഇതേ വാക്സീൻ കേന്ദ്രത്തിന് 150 രൂപയ്ക്കുമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് വിൽക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here