ഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ച അര്‍ദ്ധരാത്രി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി.

ആഭ്യന്തര വിമാന സര്‍വീസുകളും അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും കൊവിഡില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങള്‍ക്ക് മാത്രമേ വിമാന സര്‍വീസുകള്‍ നടത്താവൂ. മെട്രോറെയിലും പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്‌കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.

എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആള്‍ക്കൂട്ടങ്ങള്‍ക്കും നിലവിലുള്ള നിയന്ത്രണം തുടരും.

അന്തര്‍ ജില്ലാ യാത്രക്ക് കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ അനുമതിയുണ്ട്. യാത്രാ വാഹനങ്ങളും ബസുകള്‍ക്കും പോകാം. രാത്രി കാലത്ത് സഞ്ചാരം പാടില്ല. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള സമയത്ത് സഞ്ചാരം അനുവദിക്കില്ല. 65 വയസിന് മുകളില്‍ പ്രായമുള്ളവരും പത്ത് വയസില്‍ താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും വീടുകള്‍ക്ക് അകത്ത് തന്നെ കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here