ഡൽഹി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ പകുതിയിൽ കൂടുതലും കേരളത്തിൽ നിന്നും. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം ആകെ 11831 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 51% കേരളത്തിൽ നിന്നാണ്.
ദേശീയതലത്തിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്കയായി തുടരുന്നത് കേരളവും മഹാരാഷ്ട്രയുമാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 74% ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നു മാത്രമാണ്. പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ കഴിഞ്ഞ ദിവസം 6075 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കേരളത്തിൽ നിലവിൽ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 19 മരണങ്ങൾ ഉള്‍പ്പെടെ ഇതുവരെ 3867 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതിദിന കണക്കിൽ തൊട്ടടുത്ത് തന്നെയുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2673 കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ 20,44,072 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1955548 പേർ രോഗമുക്തി നേടി. 51310 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിൽ നിലവിൽ 37213 പേരാണ് ചികിത്സയിൽ തുടരുന്നത്.
രാജ്യത്ത് ഇതുവരെ 1,08,38,194 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,05,34,505 പേർ രോഗമുക്തി നേടി. നിലവിൽ 1,48,609 പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നത്.1,55,080 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.