ആലപ്പുഴ∙: പുന്നപ്രയില്‍ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍. ആംബുലന്‍സ് ലഭിക്കുന്നതില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അലംഭാവമാണ് കാരണമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. വീടുകളില്‍ ക്വാറന്റീനില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പഞ്ചായത്ത് പോളിടെക്‌നിക് വനിത ഹോസ്റ്റലില്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനമായ പുന്നപ്ര വടക്കുപഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം.

ഇവിടെയുണ്ടായിരുന്ന പുറക്കാട് സ്വദേശിയായ യുവാവിന് കടുത്ത നെഞ്ചുവേദന വരികയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തതോടെ അവിടെ താമസിച്ചിരുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ ആംബുലന്‍സ് എത്താന്‍ സമയമെടുക്കുമെന്നും വേറെന്തെങ്കിലും മാര്‍ഗം വഴി ആശുപത്രിയില്‍ എത്തിക്കുന്നതാകും നല്ലതെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രോഗിയുടെ ദയനീയ അവസ്ഥ കണ്ട് അവിടെയുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും രോഗിയ എത്തിക്കാന്‍ മാര്‍ഗം കണ്ടെത്തി. പിപിഇ കിറ്റ് ധരിച്ച്‌ ഇരുചക്രവാഹനത്തില്‍ നടുവിലിരുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

അതേസമയം, ബൈക്കില്‍ കോവിഡ് രോഗിയെ കൊണ്ടുപോയത് അധികൃതരെ അറിയിക്കാതെയെന്ന് ജില്ലാ കലക്ടര്‍ എ. അലക്സാണ്ടര്‍. പുന്നപ്ര സെന്‍ററിലെ വോളണ്ടിയേഴ്സ് അറിയിച്ചില്ലെന്നും അലക്സാണ്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here