കൊവിഡ് സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് പോലീസ് അവസാനിപ്പിക്കുന്നു; ആരോഗ്യവകുപ്പിന് കൈമാറാൻ ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പോലീസ് അവസാനിപ്പിക്കുന്നു. ആരോഗ്യവകുപ്പിന് ജോലി വീണ്ടും കൈമാറാൻ ഡിജിപി ഉത്തരവിട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർ തിരികെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മടങ്ങണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നിർദ്ദേശം. സമ്പർക്കപട്ടിക  തയ്യാറാക്കുന്ന ജോലി ഘട്ടം ഘട്ടമായാകും പോലീസ് ആരോഗ്യവകുപ്പിന് കൈമാറുക എന്നാണ് റിപ്പോർട്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് ഈ ജോലി അസാനിപ്പിക്കുന്നതെന്നാണ് ഡിജിപിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

കേരളത്തിൽ ഇന്നലെ 5,528 പേർക്കായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here