കോവിഡ് പ്രതിസന്ധി; സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് പ്രതിസന്ധികാരണം വലയുന്ന ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വാക്‌സീന്‍ വിതരണത്തിനടക്കമുളള അധിക ചെലവുകള്‍ നേരിടാനാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും.

വലിയ ചെലവാണ് വാക്‌സീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉണ്ടാകാനായി പോകുന്നത്. പല സംസ്ഥാനങ്ങളും ഇതിനോടകം വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കപ്പെടുകയായിരുന്നു.

ഉയര്‍ന്ന വരുമാനപരിധിയില്‍പ്പെടുന്നവരില്‍ നിന്നായിരിക്കും കോവിഡ്-19 സെസ് ഇടാക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണ്. ഒപ്പം ഏതാനും പരോക്ഷ നികുതിയിലും കോവിഡ് സെസ് ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ഒരുപക്ഷെ പെട്രോളിനും ഡീസലിനും കോവിഡ് സെസ് ബാധകമാകും. പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തില്‍ ഇപ്പോഴുള്ള എക്സൈസ് തീരുവയ്ക്കൊപ്പം കോവിഡ് സെസ് ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍.

പുതിയ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധകുത്തിവെയ്പ്പിനുള്ള എല്ലാ ചിലവുകളും കേന്ദ്രമായിരിക്കും വഹിക്കുക. ഇതേസമയം വാക്സിനുകളുടെ വിതരണം, കുത്തിവെയ്പ്പ് നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, വാക്സിനുകള്‍ അതാത് സ്ഥലങ്ങളില്‍ എത്തിക്കുക മുതലായ ഉത്തരവാദിത്വങ്ങള്‍ സംസ്ഥാനങ്ങള്‍ പങ്കിടും. നികുതി വര്‍ധിപ്പിക്കുന്നതിനെക്കാള്‍ സെസ് ഏര്‍പ്പെടുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന് എളുപ്പം. കാരണം സെസില്‍ നിന്നുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ട ആവശ്യം കേന്ദ്രത്തിനില്ല. കേന്ദ്ര സെസ് കേന്ദ്ര ഖജനാവിലേക്കുതന്നെ എത്തും.

പ്രാഥമിക നിഗമനം പ്രകാരം കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാന്‍ 60,000 കോടി മുതല്‍ 65,000 കോടി രൂപ വരെയാണ് കേന്ദ്രത്തിന് ചിലവ് വരിക. ജനുവരി 16 മുതല്‍ കൊവിഡ് പ്രതിരോധകുത്തിവെയ്പ്പ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ രാജ്യത്തെ മൂന്നു കോടി ആരോഗ്യപ്രവര്‍ക്കര്‍ക്കും മുന്‍നിര തൊഴിലാളികള്‍ക്കുമാണ് പ്രഥമ പരിഗണന ലഭിക്കുക.

അടുത്തിടെയാണ് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ രണ്ടു കോവിഡ് വാക്സിനുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഓക്സ്ഫഡ് കൊവിഡ്ഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും ഇതില്‍പ്പെടും. ഇരു വാക്സിനുകളും സുരക്ഷിതമാണെന്ന് തെളിയിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

അതേസമയം, കോവിഡ് വാക്‌സീന്‍ കുത്തിവയ്പ്പ് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈകുന്നേരം നാല് മണിക്ക് ചേരുന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകള്‍വിലയിരുത്തും. വാക്‌സീന്‍ വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നരൂപരേഖയെക്കുറിച്ച്‌ വിശദീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here