കൊച്ചി: സംസ്ഥാനത്ത് ആദ്യ കൊറോണ മരണം എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി (69)യാണ് മരിച്ചത്.
മരണകാരണം കോവിഡ് 19 ആണെങ്കിലും അതിജീവിക്കാന്‍ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളയാളാണ് മരിച്ചത്. ദുബായില്‍ നിന്ന് മാര്‍ച്ച് 17നു നെടുമ്പാശേരിയില്‍ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയവേ രോഗം സ്ഥിരീകരിച്ചു. 22നു വീണ്ടും കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏട്ടോടെ മരണത്തിനു കീഴടങ്ങി. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.
ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും നെടുമ്പാശേരിയില്‍ നിന്നു കൊണ്ടുവന്ന ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്കു വിട്ടു നല്കിയ മൃതദേഹം മട്ടാഞ്ചേരിയിലുള്ള ആരാധനാലയത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം ആഴത്തില്‍ കുഴിയെടുത്ത് സംസ്കരിക്കും. കൂടുതല്‍ പേര് സംസ്കാരത്തിന് എത്തരുതെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടം നല്കി.