ബ്രിട്ടണില്‍ നിന്നെത്തിയ നൂറോളം പേര്‍ വിമാനത്താവളത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി മുങ്ങി; ആരോഗ്യ വകുപ്പ് തെരച്ചില്‍ ആരംഭിച്ചു

ഡല്‍ഹി : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വീണ്ടും ഭീതി ഉയര്‍ത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയവര്‍ തെറ്റായ വിലാസം നല്‍കി മുങ്ങിയതായി പരാതി. നൂറോളം പേരാണ് ഇത്തരത്തില്‍ വിമാനത്താവളത്തിലെ ആരോഗ്യ ഡെസ്‌കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കടന്നുകളഞ്ഞത്.

ജനിതക മാറ്റം വന്ന കോവിഡ് ബ്രിട്ടണിലാണ് ആദ്യം കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരുമാസത്തിനിടെ രാജ്യത്തേയ്ക്ക് വരുന്ന എല്ലാവരേയും ആര്‍ടിപിസിആര്‍ ഉള്‍പ്പടെ കര്‍ശ്ശന പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹെല്‍പ് ഡെസ്‌കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ആളുകള്‍ മുങ്ങിയത് ഏറെ ഭീതി ഉയര്‍ത്തുന്നതാണ്.

നവംബര്‍ 25ന് ശേഷം 33,000 ആളുകളാണ് ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലെത്തിയത്. ജനിതക മാറ്റം വന്ന വൈറസ് വ്യാപകമാകാന്‍ തുടങ്ങിയതോടെയാണ് വിദേശത്തു നിന്ന് എത്തുന്നവരില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം ഇറക്കിയത്. തുടര്‍ന്ന് ഇവരെ അന്വേഷിച്ചതോടെയാണ് പലരുടേയും വിലാസം തെറ്റാണെന്ന് തെളിഞ്ഞത്. നിലവില്‍ ഇവരെ കണ്ടെത്താനായി ആരോഗ്യ വകുപ്പ് തെരച്ചില്‍ നടത്തി വരികയാണ്.

ബ്രിട്ടണിനെ കൂടാതെ ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വിറ്റസര്‍ലാന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും ജനതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇരുപതോളം പേര്‍ക്ക് ജനിതക മാറ്റം വന്ന കോവിഡ സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here