ഡൽഹി: കോവിഡ് വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച്ച സര്‍വകക്ഷിയോഗം ചേരും. വാക്സീന് ഗവേഷണ പുരോഗതി പ്രധാനമന്ത്രി മൂന്ന് മരുന്ന് കമ്പനികളുടെ കൂടി മേധാവികളുമായി അവലോകനം ചെയ്തു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 94 ലക്ഷം കടന്നു.
ധനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച്ച രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ പാര്‍ലമെന്റിലെ കക്ഷി നേതാക്കള്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷ് വര്ധന്, പ്രഹ്ലാദ് ജോഷി എന്നിവരും യോഗത്തിലുണ്ടാകും. കോവിഡ് വ്യാപന സാഹചര്യം, പ്രതിരോധ നടപടികള്‍, വാക്സീന് ഗവേഷണ പുരോഗതി എന്നിവ ചര്‍ച്ചയാകും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനവും ബജറ്റ് സമ്മേളനവും ഒന്നിച്ച് നടത്തണമെന്ന ആവശ്യത്തിനിടെയാണ് യോഗം ചേരുന്നത്.
വാക്സിന് ഗവേഷണ പുരോഗതി ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോളജിക്കല്‍ ഇ ലിമിറ്റഡ്, ഡോക്ടര്‍ റെഡ്ഡീസ് ലാബ് എന്നിവയുടെ മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി അവലോകനം ചെയ്തു. ശാസ്ത്രജ്ഞരുടെ പ്രയത്നത്തെ അഭിനന്ദിച്ച മോദി വാക്സീന് വിതരണത്തിന് വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.