തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1 വീതം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

88,332 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെ ഇന്നു പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ചികിത്സയിലുള്ളവരുടെ എണ്ണം നോക്കിയാല്‍ കാസര്‍കോട് 61, കണ്ണൂര്‍ 45, മലപ്പുറം 9, കോഴിക്കോട് 9 പേര്‍ വീതമാണുള്ളത്. നാലു ജില്ലകള്‍ ചേര്‍ത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. നാലിടങ്ങളിലും ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരും. അടുത്ത മേഖലയായി കാണുന്നത് ആറു കേസുള്ള പത്തനംതിട്ട, മൂന്നു കേസുള്ള എറണാകുളം, അഞ്ചു കേസുള്ള കൊല്ലം എന്നി ജില്ലകളാണ്. രോഗികളുടെ എണ്ണം കുറവായതിനാലാണ് ഈ ജില്ലകളെ പ്രത്യേക മേഖലയായി കാണുന്നത്. ആലപ്പുഴ (3), തിരുവനന്തപുരം (2), പാലക്കാട് (2), തൃശൂര്‍ (1), വയനാട് (1) ജില്ലകളെയാണ് മൂന്നാം മേഖലയായി നിര്‍ദേശിക്കുന്നത്. ഇതില്‍ തിരുവനന്തപുരം ഹോട്ട്‌സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. ഇവിടങ്ങളിലുള്ള ഹോട്ട്‌സ്‌പോട്ടായ പ്രദേശങ്ങള്‍ അടച്ചിടും. കടകള്‍, റസ്‌റ്റോറന്റ് എന്നിവ വൈകുന്നേരം ഏഴു മണിവരെ അനുവദിക്കാം.

കോട്ടയവും ഇടുക്കിയുമാണ് മറ്റൊരു മേഖല. അതിര്‍ത്തി ജില്ലയെന്ന നിലയില്‍ ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത വേണം. ജില്ല വിട്ടുള്ള യാത്രകള്‍ ഇവിടെ അനുവദിക്കില്ല. എവിടെയായാലും പുറത്തിറങ്ങാല്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും. നിയന്ത്രണങ്ങളോടെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. എ.സി. ഉപയോഗിക്കാന്‍ അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here