തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കു കൂടി പരിശോധനാഫലം പോസിറ്റീവായതോടെ രോഗബാധിതരുടെ എണ്ണം 25 ആയി. കൊറോണ രോഗബാധ കാരണം പ്രതിസന്ധിയിലായ ജനജീവിതവും സാമ്പത്തിക മേഖലയും തിരിച്ചുകൊണ്ടു വരുന്നതിനായി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

237 പേര്‍ ആശുപത്രികളിലുള്ളതടക്കം 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇന്ന് 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി 6,103 പേരെയാണ് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. 5,155 പേരെ രോഗബാധയില്ലാത്തതിനാല്‍ നിരീക്ഷണത്തില്‍ നിന്നു ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനം വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കുടുംബശ്രീ വഴി രണ്ടു മാസങ്ങളിലായി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. സംസ്ഥാനത്താകെ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാപേര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും. വൈദ്യൂതി, വെള്ളം ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം അനുദവിച്ചതിനൊപ്പം മറ്റു നിരവധി ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സിനിമാ തീയേറ്ററുകളുടെ വിനോദ നികുതിയില്‍ ഇളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here