തൊട്ടില്‍ക്കയറില്‍ യുവതി തൂങ്ങിമരിച്ചു; ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് കാത്തിരിക്കെ ഭര്‍ത്താവും അതേ കയറില്‍ ജീവനൊടുക്കി

പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ട് നാടിനെ നടുക്കി ദമ്ബതികളുടെ മരണം. കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ കുരുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതിന് പിന്നാലെ ഇതേകയറില്‍ ഇവരുടെ ഭര്‍ത്താവും തൂങ്ങിമരിക്കുകയായിരുന്നു. യുവതിയുടെ മൃതശരീരം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കുന്നതിനിടെയാണ് ഇതേ കയറില്‍ കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കിയത്.

എലപ്പുള്ളി പികെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. നേതാജി നഗറില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് ദാരുണസംഭവം. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

നിലവിളി കേട്ട് ഓടിക്കൂടിയ ആളുകള്‍ ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി. ആംബുലന്‍സ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതില്‍ അകത്തുനിന്നും അടച്ച്‌ അതേ കയറുപയോഗിച്ച്‌ തൂങ്ങി മരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

അഗ്നിരക്ഷാസേനയെത്തി അകത്ത് കടന്നാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മനുപ്രസാദും മരിച്ചിരുന്നു. മനുപ്രസാദിന് വര്‍ക് ഷോപ്പിലാണ് ജോലി. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here