ഡൽഹി: ഫെബ്രുവരി ആറിന് രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷകർ. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയത്താണ് പ്രതിഷേധം സംഘടിപ്പിക്കുക. ഈ സമയങ്ങളിൽ സംസ്ഥാന ദേശീയ പാതകൾ തടയും. വാർത്താ സമ്മേളനത്തിലാണ് കർഷക സംഘടനകൾ ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി ആറിന് പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനം ഭാരതീയ കിസാൻ യൂണിയൻ (ആർ) നേതാവ് ബൽബീർ സിങ് രാജേവാൽ ആണ് അറിയിച്ചത്. കർഷകർ പ്രതിഷേധിക്കുന്ന സ്ഥലങ്ങളിലെ ഇന്റർനെറ്റ് വിച്ഛേദിച്ചതിലും ബജറ്റിൽ കർഷകരെ അവഗണിച്ചതിലുമുള്ള മറുപടിയാണിതെന്ന് കർഷകർ പറഞ്ഞു. വരുമാനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചോ തൊഴിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ ബജറ്റിൽ പരാമർശം ഇല്ല. തങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.
താങ്ങുവില നൽകി വിളകൾ സംഭരിക്കുന്നതിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് കഴിഞ്ഞ വർഷം 1,36,600 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ കുറച്ച് തുക മാത്രമാണ് ചെലവഴിച്ചത്. ഈ നീക്കം എഫ്സിഐ അടച്ചുപൂട്ടുന്നതിനാണോയെന്ന് കർഷകർ സംശയിക്കുന്നതായി യോഗേന്ദ്ര യാദവ് പറഞ്ഞു.