പത്ത് ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാം; അടച്ചിടൽ അനിവാര്യം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: അടുത്ത പത്ത് ദിവസം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണെന്നും കടുത്ത നിയന്ത്രണങ്ങൾ എന്നതിനൊപ്പം താൽകാലിക അടച്ചിടൽ അനിവാര്യമാണെന്നുമാണ് വിദഗ്ധാഭിപ്രായം.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 5 ദിവസം ആയി ചുരുങ്ങിയത് ഗൗരവമാണ്. മാര്‍ച്ച് 25ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തീയതി ആയപ്പോൾ 3,03,733 ആയി. രോഗികളുടെ എണ്ണം കൂടുന്ന സമയം വളരെ കുറഞ്ഞെന്ന് ഇതിൽ നിന്ന് വ്യക്തം. നിലവിൽ ചികിത്സയില്‍ ഉള്ള 3,45,887 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 28ന് മുകളിൽ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നോ 35നോ മുകളില്‍ പോകാം. ഒരാളിൽ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. മരണ നിരക്കും ഉയരും. അതുകൊണ്ട് പരമാവധി സമ്പർക്കം കുറയ്ക്കുകയാകണം ലക്ഷ്യമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ആശുപത്രികളിൽ കോവിഡ് കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാൻ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജൻ കിടക്കകൾ, വെന്‍റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്‍റിലേറ്ററുകളിലുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ കോവിഡ് ഇതര ചികിത്സകൾ കുറച്ചും സ്വകാര്യ മേഖലയിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുത്തും ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.

കേരളത്തില്‍ തിങ്കളാഴ്ച 26,011 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളിലെ പ്രതിദിന കോവിഡ് ബാധിതരുടെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here