ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദത്തിന്റെ പത്തുശതമാനം വരുന്ന തുകയാണ് പാക്കേജിനായി മാറ്റിവയ്ക്കുന്നത്. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ധീരമായ പരിഷ്കരണ നടപടികള്‍ രാജ്യത്ത് ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ വന്‍ ചലനമുണ്ടാകും. ആഗോള വിപണന ശ്യംഖലയില്‍ കടുത്ത മത്സരത്തിനു പദ്ധതി രാജ്യത്തെ സജ്ജമാക്കും. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. പദ്ധതിയുടെ വിശദാംശങ്ങള്‍ നാളെ മുതല്‍ ധനമന്ത്രി പ്രഖ്യാപിക്കും.
ലോകത്തെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കും. വിരണ ശ്യംഖലകള്‍ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ധനകേന്ദ്രീകൃത സ്ഥിതിയില്‍ നിന്നും മനുഷ്യ കേന്ദ്രീകൃതമായി മാറി. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.