ഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച കേരളത്തിലെ 9 ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടും. പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ രോഗം സ്ഥിരീകരിച്ച ജില്ലകളാണ് സംസ്ഥാനത്ത് പൂര്‍ണ്ണമായും അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ജില്ലകള്‍ അടച്ചിടാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും നിലവിലെ സ്ഥിതികള്‍ കര്‍ശനമായി തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മാര്‍ച്ചു 31 വരെ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ക്യാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. സംസ്ഥാനത്ത് കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചു. മറ്റു ജില്ലകളില്‍ ഉചിതമായ നടപടികള്‍ കലക്ടര്‍മാര്‍ സ്വീകരിക്കും. കാസര്‍കോട് പൊതുഗതാഗത സംവിധാനം നിര്‍ത്തി. കൊച്ചി മെട്രോയും അടച്ചിടും.
ജനതാ കര്‍ഫ്യൂ ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പതു മണിക്കുശേഷവും ജനങ്ങള്‍ വീട്ടില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്ക്കെതരെ നടപടി സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിക്കപ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കും. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും തിങ്കളാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തി.