തിരുവനന്തപുരം: സംസ്ഥാനത്ത് 21 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചു പേര്‍ക്കും കൊല്ലത്ത് രണ്ടു പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ക്കു വീതവുമാണ് പുതുതായി രോഗം കണ്ടെത്തിയത്.

643 പേര്‍ ആശുപത്രികളിലും 1,65,291 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ വിശദീകരിച്ചു. കേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് നടത്തേണ്ടതിന്റെ ആവശ്യകത, ലോക്ക് ഡൗണിനുശേഷമുള്ള അതിഥി തൊഴിലാളികളുടെ മടക്കയാത്ര, വിദേശ മലയാളികളുടെ സുരക്ഷാ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ചു. ചരക്കു നീക്കം തടസപ്പെടാതിരിക്കാന്‍ നടപടി വേണമെന്നും നിര്‍ദേശിച്ചു.

കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ച ചിലത് ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയും നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളെ അതീവ ജാഗ്രത ആവശ്യമായ ഹോട്ട്‌സ്‌പോട്ട് ജില്ലകളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here