തിരുവനന്തപുരം: കേന്ദ്ര മാനദണ്ഡങ്ങള്‍ എതിരായതിനാല്‍ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകില്ല. എന്നാല്‍, ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഏതൊക്കെ കടകള്‍ തറക്കണമെന്നതു സംബന്ധിച്ച് അവിടെയുള്ള കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണം. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കബി ഹെയര്‍ കട്ടിംഗ്, ഷേവിംഗ് ജോലികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാം. ഒരു സമയം രണ്ടിലധികം പേര്‍ കടയില്‍ കാത്തുനില്‍ക്കാന്‍ പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുപോകുന്നതാണ് ഉത്തമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോണ്‍ അപ്പോയ്‌മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാഴ്‌സല്‍ സര്‍വീസിനായി തുറക്കും. ഇതു തുടങ്ങുമ്പോള്‍ ഇതേ മാതൃകയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരേസമയം ഉണ്ടാകില്ലെന്ന വ്യവസ്ഥയില്‍ ക്ലബുകള്‍ക്കും അംഗങ്ങള്‍ക്ക് പാഴ്‌സല്‍ വിതരണത്തിനായി പ്രവര്‍ത്തിക്കാം.

ജില്ലയ്ക്ക് അകത്ത് പൊതുഗതാഗതം അനുവദിക്കും. ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും. നിന്നുള്ള യാത്ര അനുവദിക്കില്ല. അന്തര്‍ജില്ലയില്‍ പൊതുഗതാഗതം ഉണ്ടാകില്ല. അല്ലാത്ത യാത്ര രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയാകാം. സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പാസ് വാങ്ങിവേണം പോകാന്‍. അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.

സ്വകാര്യ വാഹനം, ടാക്‌സി ഉള്‍പ്പെടെയുള്ള 4 ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു പേരുടെ യാത്ര അനുവദിക്കും. കുടുംബമാണെങ്കില്‍ മൂന്നു പേര്‍. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കു പുറമേ ഒരാള്‍. കുടുംബമാണെങ്കില്‍ മൂന്നു പേര്‍. ഇരുചക്രവാഹനത്തില്‍ കുടുംബത്തിന് പിന്‍സീറ്റ യാത്ര അനുവദിക്കും. 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, പത്തു വയസിനു താഴെ ഉള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ അടിയന്തരകാര്യത്തിനു മാത്രമേ പുറത്തിറങ്ങാവൂവെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here