ഡല്‍ഹി/തിരുവനന്തപുരം: രാജസ്ഥാനില്‍ ഇറ്റാലിയന്‍ പൗരന്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്തെ കൊറോണ മരണം അഞ്ചായി. ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആന്‍ഡ്രി കാര്‍ളി(69)യാണ് മരിച്ചത്. അതേസമയം ഇയാള്‍ കൊറോണ രോഗമുക്തി നേടിയിരുന്നുവെന്നും മരണകാരണം ഹൃദയാഘാതമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 200 കടന്നു. ലോകത്താകമാനം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനായിരം കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2,44,500 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

വ്യാഴാഴ്ച കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍, കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാര്‍ വീടുകളില്‍ നിരീക്ഷണത്തിലേക്കു പ്രവേശിച്ചു. അഞ്ചു ദിവസത്തിനിടെ, വിവാഹ ചടങ്ങുകളില്‍ അടക്കം വൈറസ് ബാധിതന്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ, നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയതിന് വയനാട്ടില്‍ ഒരാളെ അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് എത്തിയ മുട്ടില്‍ സ്വദേശി മുഹമ്മദ് ഷഫീഖിനെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം, കൊറോണ വൈറസ് ലക്ഷണമുണ്ടെന്ന നിലയില്‍ കണ്ണുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന പെരിങ്ങോം സ്വദേശിയുടെ നാലാമത് റിപ്പോര്‍ട്ടും നെഗറ്റീവാണ്. ഇയാളെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടുമെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here