കൊച്ചി: എറണാകുളത്ത് മൂന്നു വയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ കുട്ടിയെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഏഴിനു നാട്ടിലെത്തിയ കുട്ടിയ്ക്കൊപ്പമുള്ള മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബത്തെ മുഴുവന്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. ഇതോടെ കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. പത്തനംതിട്ടയിലെ കുടുംബം സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടായിരത്തോളം പേരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. ഇവരുമായി ബന്ധമുള്ള 168 പേര് നിരീക്ഷണത്തിലാണ്.
അതേസമയം, വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ ഇറ്റലിയില്‍ നിന്നാണ് വരുന്നതെന്ന് അറിയിച്ചിരുന്നുവെന്ന് രോഗബാധിതനായ യുവാവ് വെളിപ്പെടുത്തി. എന്നാല്‍, തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളൊന്നും നിര്‍ദേശിച്ചിരുന്നില്ല. വീട്ടിലെത്തിയശേഷം പളളിയിലോ കല്ല്യാണത്തിനോ ഒന്നും പോയിട്ടില്ലെന്നും യുവാവ് വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നിര്ചന്ധത്തിനു വഴങ്ങിയല്ല, മറിച്ച് സ്വന്തം നിലയ്ക്കാണ് ആശുപത്രിയിലേക്കു വന്നതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. യുവാവിന്റെ വാദങ്ങളെ തള്ളി പത്തനംതിട്ട ജില്ലാ കലക്ടറും രംഗത്തെത്തിയിട്ടുണ്ട്.
എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുകയാണ്.