ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇടതുപക്ഷത്തിന് വൻ തിരിച്ചടി. പതിറ്റാണ്ടുകളോളം അധികാരത്തിലിരുന്ന ബംഗാളിൽ ഇത്തവണ ഒരു സീറ്റുപോലും നേടാൻ സിപിഎമ്മിന് കഴിഞ്ഞില്ല. 1957 മുതലുള്ള ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷം സംസ്ഥാനത്ത് സംപൂജ്യരാകുന്നത്.

സിപിഎമ്മും സിപിഐയും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായിരുന്നു ബംഗാളിലെ സംയുക്ത മുന്നണി. അസമിൽ കോൺഗ്രസ് നയിച്ച മുന്നണിയുടെയും തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെയും ഭാഗമായിരുന്നു ഇടത് പാർട്ടികൾ. കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി പരസ്യ കൂട്ടുകെട്ടെന്ന 2018 ലെ സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനം പൂർണമായി നടപ്പാക്കിയ തെരഞ്ഞെടുപ്പുകളെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു.

2016 ൽ കോൺഗ്രസിനു 44 സീറ്റും 12.25 % വോട്ടും, സിപിഎമ്മിന് 26 സീറ്റും 19.75 % വോട്ടും ലഭിച്ചിരുന്നു. സിപിഐക്ക് ഒരു സീറ്റും 1.45 % വോട്ടും ലഭിച്ചു. ഇത്തവണ ഒടുവിൽ ലഭ്യമായ കണക്കുകളനുസരിച്ച്, 3 പാർട്ടിക്കും സീറ്റൊന്നും ലഭിച്ചിട്ടില്ല. വോട്ട് ശതമാനം: സിപിഎം 4.67, കോൺഗ്രസ് 2.98, സിപിഐ 0.23.

സിപിഎം കേന്ദ്ര നിലപാടിന് വിരുദ്ധമായാണ് ബംഗാളിൽ 2016 ൽ കോൺഗ്രസുമായി സഹകരിച്ചത്. തങ്ങളോട് ആലോചിക്കാതെ കോൺഗ്രസുമായി ധാരണയുണ്ടാക്കിയെന്നായിരുന്നു അന്നു സിപിഐയുടെ പരാതി. കോൺഗ്രസുമായി ധാരണയെന്ന തെറ്റു തിരുത്തണമെന്നായിരുന്നു അന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ബംഗാൾ ഘടകത്തിന് നൽകിയ നിർദേശം. ഈ വിഷയത്തിൽ ബംഗാൾ ഘടകവും കേന്ദ്ര നേതൃത്വവുമായുണ്ടായ തർക്കം പാർട്ടിയെ പിളർത്തുമെന്ന സ്ഥിതിവരെയെത്തിയിരുന്നു. ഒടുവിൽ, നിലനിൽപിനെന്നോണം, കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ കക്ഷികളുമായി ധാരണായാവമെന്ന് 2018 ലെ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.

ഇത്തവണ ഇടതുപാർട്ടികളും കോൺഗ്രസും കൂടിയാലോചിച്ചു ധാരണയുണ്ടാക്കി. അതിനിടെയാണ് അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) എന്ന പുതിയ പാർട്ടിയുടെ രംഗപ്രവേശം. ഈ ന്യൂനപക്ഷ പാർട്ടിയുമായുള്ള സഹകരണം കോൺഗ്രസിലും സിപിഎമ്മിലും തർക്കങ്ങൾക്കു വഴിവച്ചു. ഒടുവിൽ, ഐഎസ്എഫുമുള്ള മുന്നണിയുടെ നേതൃത്വം സിപിഎമ്മിനെന്ന് ധാരണയായി. എന്നാൽ തെര‍ഞ്ഞെടുപ്പിൽ സഖ്യത്തിന് കാര്യമായി യാതൊരു നേട്ടവുമുണ്ടായില്ല.

തിരിച്ചുവരാൻ പല പരീക്ഷണങ്ങളും നടത്തിയിട്ടും ബംഗാളിൽ മാറ്റം സാധ്യമാകുന്നില്ലെന്നതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. ബംഗാളിൽ സംയുക്ത മുന്നണിയുടെയും ഇടതിന്റെയും പരാജയം നിരാശയുണ്ടാക്കുന്നുവെന്നാണ് പോളിറ്റ്ബ്യൂറോ പ്രതികരിച്ചത്. സ്വയംവിമർശനപരമായ അവലോകനം നടത്തി പാഠങ്ങൾ മനസ്സിലാക്കുമെന്നും പറയുന്നു. ഐഎസ്എഫുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്തെന്നു വിമർശനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here