തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്കു കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി അഖിലിനെ പരിക്കുകളോടെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഖിലിനെ കുത്തിയവര്‍ കോളജിനകത്തു തന്നെയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇന്നു രാവിലെ 11.30നാണ് അഖിലിനു കുത്തേറ്റത്. രണ്ടു ദിവസം മുമ്പുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് സൂചന. കാന്റീനിലിരുന്നു പാട്ടുപാടിയത് എസ്.എഫ്.ഐക്കാര്‍ക്ക് ഇഷ്ടപ്പൊത്തതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്നാണ് പുറത്തുവരുന്ന വിവരം.

സംഘര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. എന്താണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ആക്രമണത്തില്‍ കോളേജിന് പുറത്തു നിന്നുള്ളവരുള്‍പ്പടെ പങ്കെടുത്തെന്നും, ഇവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. 300 പേര്‍ ഒപ്പിട്ട ഭീമന്‍ പരാതിയാണ് നല്‍കിയിരിക്കുന്നത്. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം ചുമത്തി പോലീസ് കേസ് എടുത്തു. ഐ.പി.സി. 307 പ്രകാരമാണ് നസീം,അദ്വൈത്, അമല്‍, ആരോമല്‍ ,ഇബ്രാഹിം ,ശിവരഞ്ചിത് എന്നിവരുള്‍പ്പെടെയുള്ള എട്ട് പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.

അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് കോളജിലെത്തിയ മാധ്യമങ്ങളോട് പ്രിന്‍സിപ്പാലും അധ്യാപകരും പ്രതികരിച്ചത്. മാധ്യമങ്ങളോട് കോളജില്‍ നിന്ന് പുറത്തുപോകാനും പ്രസിന്‍സിപ്പാല്‍ നിര്‍ദേശിച്ചു. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്്.ഐ യൂണിറ്റ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സംഘടനയില്‍ ഉള്‍പ്പെട്ടവരടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യൂണിറ്റ് പിരിച്ചുവിടുമെന്ന് എസ്.എഫ്.ഐ ദേശീയ നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here