വെറുക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം’ വൈറല്‍ ഡാന്‍സേഴ്സിന് പിന്തുണയുമായി കോളേജ് യൂണിയന്‍

മുപ്പത് സെക്കന്‍ഡ് വീഡിയോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍. നവീന്‍ റസാഖിനും ജാനകി ഓം കുമാറിന്‍റേയും നൃത്തച്ചുവടുകളെ വിദ്വേഷ പരാമര്‍ശത്തിലൂടെ നേരിടാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്നോണമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കോളേജ് യൂണിയന്‍ ഇരുവര്‍ക്കു പിന്തുണ അറിയിച്ചത്.

രണ്ട് പേരുടെ ഡാന്‍സിനെ വിദ്വേഷ പ്രചാരണത്തിലൂടെ നേരിടാന്‍ ശ്രമിച്ചവര്‍ക്ക് ഇത്തവണ നിരവധി വിദ്യാര്‍ഥികളുടെ നൃത്തച്ചുവടുമായാണ് കോളേജ് യൂണിയന്‍ മറുപടി പറഞ്ഞത്. കോളേജിലെ മറ്റു വിദ്യാര്‍ഥികള്‍ നവീനും ജാനകിയും ഡാന്‍സ് ചെയ്ത വീഡിയോയിലെ പാട്ടും സ്റ്റെപ്പുകളും ഉപയോഗിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന ഇവരുടെ വൈറൽ നൃത്തം. റാ റാ റാസ്പുട്ടിൻ… ലവർ ഓഫ് ദ റഷ്യൻ ക്വീൻ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്താണ് ഇവർ ചുവടുവച്ചത്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വീഡിയോ ആണ് തരംഗമായി മാറിയത്. ഇരുവരുടേയും നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.

ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. കൃഷ്ണരാജ് എന്ന അഭിഭാഷകൻറെ ഫേസ്ബുക്ക് കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here