കോവാക്സിനും ഇന്ന് വിതരണത്തിനെത്തും; തല്‍ക്കാലം ഉപയോഗിക്കണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം

തിരുവനന്തപുരം: കേരളത്തിലേക്ക് കോവാക്സിനും വിതരണത്തിനെത്തിക്കുന്നു. 37000 ഡോസ് കോവാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് വാക്സിന്‍ കുത്തിവെയ്ക്കേണ്ടതില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ നിലപാട്.

സംസ്ഥാനത്ത് കോവീഷീല്‍ഡ് വാക്സിനാണ് കുത്തിവെച്ച് വരുന്നത് .കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള കോവാക്സിനും ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിൻ തിരുവനന്തപുരം മേഖല വാക്സിൻ സെന്‍ററില്‍ സൂക്ഷിക്കും. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്. 37000 ഡോസ് വാക്സിന്‍ എത്തുമെങ്കിലും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് കോവാക്സീൻ ഇപ്പോൾ സംസ്ഥാനത്ത് ഉപയോഗിക്കേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവാക്സിന്‍ കൂത്തിവെയ്പ്പ് നടത്തുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലായെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാലും പരീക്ഷണം പൂര്‍ത്തിയായ ശേഷം മാത്രം കുത്തിവെപ്പ് നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്.എന്നാല്‍ ഒരു വാക്സിന്‍ മാത്രമേ വിതരണം ചെയ്യുവെന്ന് തീരുമാനമെടുത്തിട്ടില്ലെന്നും രണ്ടും ഒരുപോലെ ഫലപ്രദമാണെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here