തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വ്യാജ ആരോപണങ്ങളുടെ ഘോഷയാത്രയ്ക്ക് മുന്‍പേ നടക്കുന്നവരായി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നു വ്യതിചലിച്ചുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ ഭാഗമായി പീഡിപ്പിക്കുന്ന നിലപാടാണ് ഏജന്‍സികള്‍ സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ മേയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയില്ല. അത് സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്ര ഏജന്‍സകള്‍ നടത്തുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേസുകളുടെ അന്വേഷണം നിലയ്ക്കുമെന്നും കേസുകള്‍ ആവിയായി പോകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തില്‍ സര്‍ക്കാരിന് യാതൊരു മുന്‍വിധിയകളും ഉണ്ടായിരുന്നില്ല. സ്വര്‍ണ്ണക്കടത്ത് നടത്തിയ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാലും കുഴപ്പമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ എങ്ങനെ കരിനിഴലില്‍ നിര്‍ത്താമെന്നാണ് ഇന്നത്തെ അന്വേഷണ രീതി. രഹസ്യമൊഴിയായി മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയെന്നു പറയുന്ന കാര്യങ്ങള്‍ ചില രാഷ്ട്രീയ നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെ മൊഴിയെടുക്കുമെന്നും ഈ നേതാക്കള്‍ തന്നെയാണ് പ്രഖ്യാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here