കണ്ണുര്‍: ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മനസാക്ഷിക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ ഗവര്‍ണറെ സര്‍ക്കാര്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ അധികാരത്തെ മാനിക്കുന്ന സര്‍ക്കാരാണിത്. ചാന്‍സലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ല. നിലപാടില്‍ നിന്നു ഗവര്‍ണര്‍ പിന്നോട്ടു പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഗവര്‍ണര്‍ ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ അവഗണിച്ചിട്ടില്ല. ചീഫ് സെക്രട്ടറി അടക്കം രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടുകണ്ട് നിലപാട് വിശദീകരിച്ചു. ധനകാര്യ മന്ത്രി പിറ്റേന്നു വീണ്ടും ഗവര്‍ണരെ കണ്ടു. തിരുവനന്തപുരത്തില്ലാത്തതിനാല്‍, ഗവര്‍ണറുമായി ഫോണില്‍ ബന്ധപ്പെട്ടു. ഗവര്‍ണര്‍ സര്‍ക്കാര്‍ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ വാക്കിലോ നോക്കിലോ പരാമര്‍ശത്തിലോ അങ്ങനെ ഉണ്ടായിട്ടില്ല. ചാന്‍സലര്‍ സ്ഥാനം ഗവര്‍ണറില്‍ നിന്നു മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ല.

അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നും ഇതിനായി ചര്‍ച്ചകള്‍ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിസി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. സെര്‍ച്ച് കമ്മിറ്റി ശിപാര്‍ശനകളില്‍ ഗവര്‍ണര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനാകും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുറവ് തുറന്നുപറഞ്ഞാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സര്‍ക്കാരിന്റെ നയം അറിയാത്ത ആളല്ല ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഒട്ടേറെ ശ്രമങ്ങള്‍ തുടരുകയാണ്. ദേശീയ റാങ്കിങ്ങിലടക്കം മുന്നിലെത്താന്‍ സംസ്ഥാനത്തെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here