തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നല്‍ക്കേ, സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടുത്ത 25 വര്‍ഷത്തേക്ക് സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് കൈയിട്ടുവാരാന്‍ അദാനിക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്ന കരാറില്‍ വൈദ്യുതി ബോര്‍ഡ് ഒപ്പിട്ടുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് അദാനിക്ക് കേരളത്തില്‍ ലാഭമുണ്ടാക്കുന്ന ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്പ്പറേഷന് ലിമിറ്റഡുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വിന്റ് വൈദ്യുതി ഉയര്‍ന്ന നിരക്കില്‍ വാങ്ങാനാണ് ധാരണ.
യൂണിറ്റിന് രണ്ടു രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെയാണ് യൂണിറ്റിന് 2.82 രൂപ നിരക്കിലുള്ള കരാറുണ്ടാക്കിയിരിക്കുന്നത്. കരാറിലൂടെ 1000 കോടിരൂപയുടെ ലാഭം അദാനിക്കു ലഭിക്കുമെന്നും രമേ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നേരത്തെ കരുതിയ ബോംബില്‍ ഒന്നിതാണെങ്കില്‍ അതും ചീറ്റിപ്പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. . ലോഡ്ഡ് ഷെഡ്ഡിങ് ഉണ്ടാകാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് പ്രതിപക്ഷ നേതാവിന് അസൂയയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ കരാറുകള്‍ വെബ് സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദാനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്നു വ്യക്തമാക്കി വൈദ്യുതി മന്ത്രി എം.എം. മണിയും രംഗത്തെത്തി.