സുരക്ഷയും പ്രതിഷേധവും തമ്മില്‍ തെരുവില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ വലഞ്ഞ് ജനം, പോലീസിന്റെ ഉരുക്കുകോട്ടയ്ക്കുള്ളില്‍ പിണറായി ഇന്ന് കണ്ണൂരില്‍

തിരുവനന്തപുരം | സംസ്ഥാനത്തു തുടരുന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സുരക്ഷ വര്‍ദ്ധിപ്പിക്കും തോറും പ്രതിഷേധവും വര്‍ദ്ധിക്കുന്ന സ്ഥിതി. കറുത്ത മാസ്‌ക് ഉപേക്ഷിക്കണമെന്ന നിര്‍ബന്ധവും സാഹചര്യം പ്രതികൂലമാക്കുകയാണ്.

മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ പരമാവധി പൊതു പരിപാടികള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടു നീങ്ങാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ശക്തമായ പ്രതിരോധ പരിപാടികള്‍ക്കു സി.പി.എമ്മും രൂപം നല്‍കുകയാണ്.

മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാകരുതെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തണം. സ്ഥിരം സുരക്ഷാ ഗാര്‍ഡുകള്‍ക്കു പുറമേ കമാന്‍ഡോകളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ പോലീസിന്റെ സുരക്ഷാ ക്രമീകരണം കൂടി ഉണ്ടാകുന്നതോടെയാണ് ജനം വലയുന്നത്.

സുരക്ഷാ കാരണങ്ങള്‍ അടക്കം പരിഗണിച്ച്, കണ്ണൂരിലെത്തിയ മുഖ്യമന്ത്രി സ്വന്തം വീടു ഉപയോഗിക്കാതെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് തങ്ങുന്നത്. കരിമ്പത്തുള്ള കില തളിപ്പറമ്പ് കാമ്പസില്‍ അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം ഉദ്ഘാടനം ചെയ്യാനുള്ള ആദ്യ പരിപാടി മുതല്‍ മുഖ്യമന്ത്രിയുടെ യാത്രാവിവരം അടക്കം പോലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. തൃശൂര്‍ മുതല്‍ കണ്ണൂര്‍വരെയും മുഖ്യമന്ത്രിക്കു നേരിടേണ്ടി വന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത എതിര്‍പ്പിനെയാണ്. സുരക്ഷയുടെ ഭാഗമായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ജനങ്ങള്‍ വലയുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here