തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേരളത്തിനു പുറത്തുനിന്ന് വൈറസ് ബാധയുണ്ടായവര്‍ അടക്കം 32 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

ഇതില്‍ 11 പേര്‍ വിദേശത്തുനിന്നു വന്നതാണ്. സമ്പര്‍ക്കത്തിലൂടെ ഒമ്പതു പേര്‍ക്കും രോഗം ബാധിച്ചു. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയിവന്ന ലോറി ഡ്രൈവറുടെ കുടുംബം അടക്കം ആറു പേര്‍ വയനാട്ടിലാണ്. സംസ്ഥാനത്ത് ഇതുവരെ 70 ശതമാനം പേര്‍ക്ക് പുറത്തുനിന്നും 30 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 34 ഹോട്ട്‌സ്‌പോട്ടുകള്‍ നിലവിലുണ്ട്. അതീവ ജാഗ്രത വേണ്ട സമയത്തുകൂടിയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആകെ രോഗം ബാധിച്ചവരുടെ എണ്ണം 524 ആണ്. 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 473 പേര്‍ ആശുപത്രികളിലാണ്. കോവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്കാണു കടക്കുന്നത്. പ്രവാസികളായ സഹോദരങ്ങള്‍ തിരിച്ചെത്തി തുടങ്ങി. ഈ ആഴ്ച മുതല്‍ കൂടുതല്‍ പേര്‍ എത്തും. രോഗബാധിത മേഖലകളില്‍നിന്ന് വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുക, സമൂഹവ്യാപനം തടയുക ഇതൊക്കെയാണു മുന്നിലുള്ള ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പാതീതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here