തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകളാണ് പോസിറ്റീവായത്. ഇവരില്‍ അഞ്ചു പേര്‍ തമിഴ്‌നാട്ടുകാരാണ്. ഒരാള്‍ വിദേശത്തുനിന്നെത്തിയതാണ്. മറ്റൊരാള്‍ക്ക് രോഗം വന്ന വഴി പരിശോധിക്കുകയാണ്. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന കോട്ടയം, ഇടുക്കി ജില്ലകളെ കൂടി റെഡ് സോണായി പ്രഖ്യാപിച്ചു. രോഗം ബാധിച്ച 481 പേരില്‍ 123 പേരാണ് ഇപ്പോഴും ചികിത്സയില്‍ തുടരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് ജില്ലകളില്‍ നിലവില്‍ ആരും ചികിത്സയില്‍ തുടരുന്നില്ല.

ലോക്ഡൗണ്‍ മേയ് 15 വരെ ഭാഗികമായി തുടരണമെന്ന കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആയിരിക്കും പ്രധാനമായും സംസാരിക്കുകയെന്ന മുന്‍നിലപാടിന്റെ അടിസ്ഥാനത്തില്‍ ഉന്നയിക്കാനുള്ള പ്രധാന കാര്യങ്ങള്‍ നേരത്തെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അന്നത്തെ സാഹചര്യം അനുസരിച്ച് തുടര്‍ നടപടികള്‍ കൈകൊള്ളാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍ സംസ്ഥാന യാത്രകളിലെ നിയന്ത്രണം മേയ് 15 വരെ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊറോണ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here