കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയെന്ന് കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണം.
- Update @ 8.30 pm
- ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെ ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നോട്ടീസ്. ഈ മാസം 12ന് എറണാകുളം ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
മുഖ്യമന്ത്രിക്ക് യു.എ.ഇ കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവര്‍ക്കും ഇടയില്‍ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്ട്രേറ്റിനു മുന്നില്‍ നല്കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കക്കും മൂന്നു മന്ത്രിമാര്‍ക്കും കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും കമ്മിഷന് ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന രഹസ്യമൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു.
കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം നല്കുന്ന മൊഴിയില്‍ തന്നെ കേസെടുക്കാം എന്നിരിക്കെ മജിസ്ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നല്കിയ സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നത്.