തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കുന്നത് താൽക്കാലികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ളവരെ കൈവിടില്ലെന്നും എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടായാൽ ഇക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പി.എസ്.സിക്കു വിടാത്ത തസ്തികകളിലാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത്. പി.എസ്.സി. ലിസ്റ്റിൽ ഉൾപ്പെട്ട ആർക്കും അവിടെ നിയമനം നടത്താൻ സാധിക്കില്ല. അവർ അത് ആഗ്രഹിച്ചിട്ടും കാര്യമില്ല. വർഷങ്ങളായി താൽക്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വച്ചു സ്ഥിരപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തോ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതീ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ബോധപൂർവ്വം കരിവാരിത്തേക്കാൻ ശ്രമിക്കുന്നവർക്ക് അവസരം നൽകാതിരിക്കാനാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.