സുധാകരന്റെ പ്രസ്താവനയിൽ അ‌പമാനം കാണുന്നില്ല, ശബരിമലയിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും പിണറായി വിജയൻ

തിരുവനന്തപുരം: ചെത്തുകാരന്റെ മകനാണ് താനെന്ന സുധാകരന്റെ പ്രസ്താവനയിൽ അ‌പമാനം കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രണ്ണൻ കോളജിൽ പഠിക്കാൻ വന്നതുമുതൽ സുധാകരനെ അ‌റിയാം. തന്റെ അ‌ച്ഛനും സഹോദരനും ചെത്തുതൊഴിലാളികളാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പരസ്പരം വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂവെന്നും പിണറായി കൂട്ടിച്ചേർത്തു.

യുവാക്കൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പരമാവധി നിയമനങ്ങൾ പി.എസ്.സി. വഴി നടത്തലാണ് നയം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാൻ ശിപാർശ ചെയ്തു. 2020 ഡിസംബർ 31 വരെ 1,51,513 പേർക്ക് പി.എസ്.സി വഴി നിയമനം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സർവകശാല തന്നെ വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യു.ഡി.എഫ് വർഗീയതയുമായി സമരസപ്പെടുകയാണ്. നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി യു.ഡി.എഫ് വർഗീയതയെ പ്രീണിപ്പിക്കുന്നു. മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നവർക്ക് ഒപ്പമാണ് എൽ.ഡി.എഫ്. മന്ത്രിമാർ കോവിഡ് ​പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ ഇപ്പോൾ പ്രശ്നമില്ല. സാധാരണ നിലയിലാണ് കാര്യങ്ങൾ നടക്കുന്നത്. അ‌ന്തിമ വിധി വന്നശേഷം അ‌ടുത്ത നടപടികൾ ആലോചിക്കും. വോട്ടു കിട്ടുമെന്നു കരുതി മാത്രമാണ് യു.ഡി.എഫ് ശബരിമല പ്രചരണായുധമാക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here