കണ്ണൂര്‍: എഴുപതു ലക്ഷത്തോളം രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ ഹാര്ഡ്വെയര് സ്ഥാപനം ആറു മാസത്തിനുള്ളില്‍ പൂട്ടിച്ച് സി.ഐ.ടി.യു. സമരക്കാര്‍. കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുമ്പോഴാണ് കടപൂട്ടിയാലും തങ്ങള്‍ക്കു വിഷയമില്ലെന്ന് പ്രാദേശിക നേതാക്കള്‍ വെല്ലുവിളിക്കുന്നത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെ നാട്ടിലെത്തി കണ്ണൂര്‍ മാതമംഗലത്ത് എസ്.ആര്. അസോസിയേറ്റ്സ് എന്ന ഹാര്ഡ്വെയര് സ്ഥാപനം തുടങ്ജിയ റബീഹ് മുഹമ്മദാണ് ആരോപണവുമായി രംഗത്തെത്തിയത്. രണ്ടു മാസത്തോളമായി റബീഹിന്റെ കടക്ക് മുന്നില്‍ സിഐടിയു പന്തല്‍ കെട്ടി സമരം നടത്തി വരികയായിരുന്നു. കടയിലേക്ക് വരുന്ന ആളുകളെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ തുടക്കില്‍ ഇരുപതിനായിരമുണ്ടായിരുന്ന പ്രതിദിന വ്യാപാരം രണ്ടായിരമായ കുറഞ്ഞുവെന്ന് ഉടമ പറയുന്നു. പോലീസിന്റെ ഇടപെടലുകള്‍ പേരിലൊതുങ്ങുക കൂടി ചെയ്തതോടെയാണ് കട അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഉടമ പറയുന്നു. പോലീസ് സംരക്ഷമുണ്ടെങ്കിലും അവര്‍ അവിടെ വന്നിരിക്കുകയല്ലാതെ ഒന്നും ചെയ്യാറില്ല. പോലീസിന്റെ മുന്നില്‍വെച്ചാണ് ഭീഷണിപ്പെടുത്തലും ആക്രമിക്കലും നടക്കുന്നതെന്ന് റബീഹ് ആരോപിക്കുന്നു.
ഗള്‍ഫില്‍ നിന്ന് വന്നശേഷം കഴിഞ്ഞ വര്‍ഷമാണ് റബീഹ് കട ആരംഭിച്ചത്. കടയിലേക്ക് സാധനങ്ങള്‍ ഇറക്കാന്‍ സ്വന്തം തൊഴിലാളികള്‍ക്ക് ഹൈക്കോടതി മുഖാന്തിരം ലേബര്‍ കാര്‍ഡ് വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സിഐടിയു സമരത്തിലേക്ക് നയിച്ചത്. അതേസമയം, സി.ഐ.ടി.യു. ആരോപണം നിഷേധിച്ചു. ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിരഹാര സമരം മാത്രമാണ് നടത്തുന്നതെന്നും മറ്റൊരു ഇടപെടലും നടത്തുന്നില്ലെന്നും സിഐടിയു പ്രതികരിച്ചു.
സ്ഥാപനം അടച്ചിട്ടിരിക്കുന്നത് തൊഴില്‍ തര്‍ക്കം മൂലമല്ലെന്നും പഞ്ചായത്ത് ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണെന്നുമാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട്. ഒരു ലൈസന്‍സില്‍ ഇവര്‍ മൂന്ന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. ഇത് പഞ്ചായത്തിന് പരാതിയായി കിട്ടി. ഇതേ തുടര്‍ന്ന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.