ഡൽഹി: അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യൻ ഭൂപ്രദേശത്ത് ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഇമേജറി സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് ആണ് അരുണാചൽ പ്രദേശിലെ ചൈനയുടെ കൈയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അന്താരാഷ്ട്ര അതിര്‍ത്തിയിൽ നിന്ന് 4.5 കിലോമീറ്ററോളം ഉള്ളിലേയ്ക്ക് മാറി 101 വീടുകള്‍ അടങ്ങുന്ന ഒരു ടൗൺഷിപ്പാണ് ചൈന നിര്‍മിച്ചിരിക്കുന്നതെന്നാണ് പ്ലാനറ്റ് ലാബ്സിൽ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചുള്ള എൻഡിടിവി റിപ്പോര്‍ട്ടിലുള്ള ആരോപണം.
അതേസമയം, ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയം ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രതകരണം. ഇന്ത്യൻ അതിര്‍ത്തികളോടു ചേര്‍ന്ന് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയും അതിര്‍ത്തി മേഖലയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അരുണാചൽ പ്രദേശിലെ അപ്പര്‍ സുബാൻസിരി ജില്ലയിൽ സാരി ചു നദിയോടു ചേര്‍ന്നാണ് പുതിയ ഗ്രാമം സ്ഥിതി ചെയ്യുന്നതെന്നാണ് ചാനലിൻ്റെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം പിടികൂടിയ മേഖലയോടു ചേര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നത്.

മാസങ്ങളുടെ ഇടവേളയിലുള്ള രണ്ട് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉദ്ധരിച്ചാണ് എൻഡിടിവിയുടെ റിപ്പോര്‍ട്ട്. 2019 ഓഗസ്റ്റ് 26നാണ് ആദ്യ ചിത്രം പകര്ത്തിയിരിരിക്കുന്നത്. ഈ ചിത്രത്തിൽ ഈ മേഖലയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും കാണാനില്ല. എന്നാൽ 2020 നവംബര്‍ ഒന്നിന് പകര്‍ത്തിയ ചിത്രത്തിൽ പല വരികളിലായി ഇടത്തരം വലുപ്പമുള്ള നിരവധി വീടുകള്‍ നിര്‍മിച്ചിരിക്കുന്നതാണ് കാണുന്നത്. വീടുകളിലേയ്ക്ക് എത്താൻ റോഡുകളുമുണ്ട്. ഏകദേശം 15 മാസം മുൻപ് ഈ നിര്‍മാണങ്ങള്‍ നടന്നിരിക്കാനാണ് സാധ്യത.